ഇനിയിതു കണ്ടു വെള്ളമിക്കേണ്ട
ഗൾഫ് കിസ്സ..# 8
ഇനിയിതു കണ്ടു
വെള്ളമിറക്കേണ്ടാ...
- - - - - - - - - - - - - - - - - -
പഴയ കാലത്തെ മുസ്ലിം സുൽത്താന്മാരുടെ പെൺ മക്കളുടെ വിവാഹത്തിന് നവവധുവിന് ആവശ്യമായ സമ്മാനങ്ങൾ നിറച്ച "ആമാടപ്പെട്ടികൾ" നവവധുവോടൊപ്പം വരൻ്റെ വീട്ടിൽ എത്തിക്കുന്ന ഒരു പതിവുണ്ടായിരുന്നു....
അക്കൂട്ടത്തിൽ.... മുസ്ലിം സ്പെയിനിലെ ഭരണാധികാരി അബ്ദുൾ റഹ്മാൻ...
തന്റെ മകളുടെ വിവാഹ വേളയിൽ നൽകിയ ആമാടപെട്ടി... വളരെ പ്രസിദ്ധവുമാണ്...
അതിൻ്റെയൊക്കെ തുടർച്ചയെന്നോണം... കേരളത്തിൻ്റെ സമാന ആചാരമായ...
വരൻ്റെ പെങ്ങന്മാർ ഇങ്ങിനെയൊരു
ആമാടപ്പെട്ടിക്കു ബദലായി... സമ്മാനങ്ങളും
അണിയാനുള്ള ഡ്രസ്സുകളും നിറച്ച ഒരു പെട്ടി.. ആദ്യം വധുഗ്രഹത്തിലെത്തിച്ചു.... അണിയിച്ചൊരുക്കിയ ശേഷം
മണവാട്ടിക്കൊപ്പം തിരിച്ചു വരൻ്റെ ഗ്രഹത്തിൽ തന്നെ കൊണ്ടുവരുന്ന
പതിവുമുണ്ട്...
എന്നാൽ സുബൈർ ഇക്കുറി നാട്ടിൽ പോയത്..... കല്യാണം കഴിക്കണമെന്ന
ഉറച്ച തീരുമാനത്തിലായിരുന്നതു കൊണ്ട്....
തൻ്റെ കല്യാണ ഡ്രസ്സുകൾക്കും
മഹറിനും പുറമെ...
അതുവരേ...കണ്ടെത്താൻ കഴിയാത്ത....
മണവാട്ടിക്കുള്ള ഡ്രസ്സും സമ്മാനങ്ങൾക്കുമൊപ്പം....
വധൂഗ്രഹത്തിലേക്ക് കൊണ്ടു പോവാൻ ...
മന്ദൂസ്... സന്ദൂഖ്... സഫാത്ത്....
സൻസിബാരി....എന്നീ പേരുകളിൽ മുമ്പ് അറിയപ്പെട്ട അറബി "ആമാടപ്പെട്ടികൾക്ക്" പകരമായി...
സാംസൊണൈറ്റിൻ്റെ ഒരു പെട്ടിയാണ്
ആമാടപ്പെട്ടിയായ്... സുബൈർർ...
നാട്ടിലേക്ക് കൊണ്ടു പോയത്....
കഫറ്റേരിയ കച്ചവടക്കാരായ നാദാപുരത്തുകാരുടെ റൂമിൽ അന്ന്
ഞങ്ങളെത്തുമ്പോൾ.... ചിതറിക്കൊണ്ടിരുന്ന ചർച്ചയിലെ മൂലധാതു...... നമ്മുടെ ഈ കഥയിലെ നായകനായ സുബൈർ തന്നെയാണ്....
ഗൾഫിൽ വരാൻ വേണ്ടി ചില്ലറ സാമ്പത്തികം തേടിയും.... ബാല്യമെന്ന മൊട്ട് വിരിയാത്ത സുഹ്റയുടെ മനസ്സിൽ സ്വപ്നത്തിന്റെ വിത്തിട്ടും... അതുവഴി ആ കുടുംബത്തിൽ പറയാതെ പറഞ്ഞു വെച്ചൊരു സങ്കൽപ്പവുമിട്ടാണ് ..... അന്ന് സുബൈർ ദുബൈക്ക് വിട്ടത്...
കാലത്തിൻ്റെ മരണപ്പാച്ചിലിൽ....3 വർഷത്തിൻ്റെ ഓടിമറയലിന് ഒടുവിൽ ...
സുഹറയുടെ ബന്ധുക്കൾ...
"സുഹറ വാല്ല്യേക്കാരി ആയി... വേറേയും ആലോചനകൾ അവൾക്ക് വരുന്നുണ്ട്... ഇനിയും കാത്തിരിപ്പ് തുടരാതെ ഒരു നിശ്ചയമെങ്കിലും ഉടൻ നടത്തണമെന്ന് " ആവശ്യപ്പെട്ടപ്പോൾ.....
സാമ്പത്തികമായി മെച്ചപ്പെട്ടു കൊണ്ടിരുന്ന സുബൈറിനും തോന്നി.... ഇതിലും നല്ല ബന്ധം വേറെയും കിട്ടിയാലോ...
എന്ന "അക്കശക്ക"യിൽ ...
അവരുടെ മൈനസ് പോയിൻ്റുകൾ ഓരോന്നായ് സുബൈർ മനതാരിൽ ഓർത്തെടുത്ത്...ബന്ധം ഒഴിയാൻ......
==================================
പണ്ടു ... കാവിലും ചാത്തോത്തു മാതേയിയമ്മ... മകൾ ചീരുവിനെ തച്ചോളി ഒതേനനുമായ് ബാല്യത്തിലുള്ള താലി കെട്ട് മോഹം അറിയിച്ച് മാണിക്കോത്തു ചെന്നപ്പോൾ...
ഒതേനൻ പറഞ്ഞൊഴിഞ്ഞതു ...
ʻʻകാക്കയെപ്പോലെ കറുത്തചീരു....
എനിക്കിന്നച്ചീരൂനെ വേണ്ടെന്റേട്ടാ....
ചക്കച്ചുളപ്പല്ലും പേന്തലയും
എനിക്കച്ചീരൂനെ വേണ്ടന്റേട്ടാ...
കൊപ്പര കാക്കാന..ങ്ങാക്കിക്കോട്ടേ....
ചോനോനും ച്ചീരൂനെ വേണ്ടെങ്കില്
തോണിയിൽ വെച്ചങ്ങൊഴുക്കിക്കോട്ടേ..ˮ
എന്നു പറഞ്ഞ് ഒതേനൻ ഒഴിവാക്കിയ
ചീരു... ഋതുമതിയായപ്പോൾ ...
ചീരു ആളങ്ങു മാറി അതിസുന്ദരിയായി കണ്ടപ്പോൾ കൊതി പൂണ്ട് ...
ഒതേനന് വീണ്ടുവിചാരം ഉണ്ടായി പോൽ.....
ചീരൂനെ തന്നെ കെട്ടണമെന്ന വാശി മൂത്തു നിൽക്കേ......
അന്ന് അപമാനിച്ചു ഇറക്കിവിട്ട മാതേയിയമ്മ തന്നെ ആ താലികെട്ടിനെ എതിർത്തപ്പോൾ...
വാശിമൂത്ത് .... ഒടുവിൽ ഒതേനൻ ....
കണ്ടാച്ചേരി ചാപ്പൻ വഴി ചതിയിലൂടെ ചീരുവിനെ കല്യാണം കഴിച്ചതിൽ.....
മാതേയിയമ്മ തന്നെ പിന്നീട് കണ്ടാച്ചേരി ചാപ്പനെ..... നേരിൽ കണ്ടപ്പോൾ ശപിച്ചതിങ്ങനെ...
ʻʻഎന്നെച്ചതിച്ചല്ലോ.... കണ്ടാച്ചേരി......!
നിന്നെ ഇടിവെട്ടിപ്പോണേ... ചാപ്പാ....!ˮ
പക്ഷെ...സുബൈൻ്റെ കല്യാണ കഥയുടെ പര്യവസാനമെന്നാൽ...
സുബൈർ കിട്ടിയ തക്കത്തിനു...
"എന്നാ...പ്പിന്നെ എന്നെ നിങ്ങൾ
കാത്തിരിക്കേണ്ടാ... വേറേ.. ആലോചിച്ചോളൂ.."
എന്ന മറുപടി പറഞ്ഞൊഴിഞ്ഞു..
നാളുകൾക്കു ശേഷം സുബൈർ നാട്ടിൽ തിരിച്ചെത്തിയപ്പോൾ.....ജാള്യത മൂലം സുഹറയുടെ വീട്ടുകാരെ കാണാൻ
സുബൈർ ശ്രമിച്ചില്ലായിരുന്നു.....
എണ്ണമറ്റ സുബൈറിൻ്റെ
വിവാഹാലോചനകളും... പെണ്ണു
കാണലും വിജയം കാണാതെ പരുങ്ങലിൽ...ഇരിക്കേ...
നാദാപുരത്തെ ഒരു കല്ല്യാണ വീട്ടിൽ വെച്ചു മനസ്സിന് ഹാലിളക്കിയ ഒരു മൊഞ്ചത്തിയെ കണ്ടു മുട്ടുകയാണ് ...
അന്വേഷിച്ചറിഞ്ഞപ്പോൾ.....
പ്രായപൂർത്തിയാകുന്നതിന് മുമ്പ് താൻ
കണ്ട പാവാടക്കാരിയായ.... മെഹ്ബൂബ് പാഷയുടെ ഭാഷയിൽ പറഞ്ഞാൽ.... ഒരു ഐസുകോലു പോലുള്ള കുട്ടി....
നവ യൗവ്വനത്തിൻ്റെ മാറ്റത്തിലെത്തിയതു കാണാതെ.. താൻ ഒഴിവാക്കിയ സുഹറ തന്നെയായിരുന്നു... ആ ഇശൽ മൊഞ്ചത്തി......
ഖേദകരമെന്ന് പറയട്ടേ..... അന്നു തൊട്ടു
അവളെ തന്നെ കെട്ടണമെന്ന ആഗ്രഹത്തിൽ
പല ആസൂത്രണങ്ങളും.. സുബൈർ പല വഴിക്ക്.. .. അഴിച്ചു വിട്ടിട്ടും...
അവൾക്ക് നിശ്ചയിച്ചുറപ്പിച്ച പയ്യനിലേക്ക്
പാര പോലും തൊടുത്തു വിട്ടിട്ടും..
ഫലം കാണാതെ.... ഒടുവിൽ ആ ശ്രമം സുബൈർ അവസാനിപ്പിച്ചത് ....
സുഹ്റയുടെ അടുത്തേക്ക് നേരിട്ട്
ദൂതുമായ് താൻ വിട്ട അയൽവാസിയോട്....
സുഹറ തന്നെ നേരിൽ പറഞ്ഞ ആ വാക്കുകൾ കേട്ടതോടെയാണ്.... അത്
" ഒരിക്കൽ ആശ തന്ന് നിരാശയാക്കിയ..
ആ.....ചാഞ്ചാട്ടക്കാരനായ ഓനെ....
എനിക്കിനി ബേണ്ടാ....
ചെലക്കാണ്ടൊന്നു്
പോവ്വാ..മ്പറയോ...''
അതു കഴിഞ്ഞു... ഒന്നു കൂടെ സുബൈർ ആഞ്ഞു പിടിച്ചിട്ടും....സങ്കൽപ്പ സുന്ദരിയെ കണ്ടെത്താൻ കഴിയാതെയും....
സുഹറയുടെ മങ്ങലത്തിന് മൂക സാക്ഷിയായും...
മാംഗല്യ സൗഭാഗ്യമെന്ന ഗജകേസരീയോഗം നടക്കാതെ.. ഇക്കുറി
സുബൈർ ദുബൈക്ക് തന്നെ തിരിച്ചു വരേണ്ടി വന്ന.....കഥ...സുബൈറിനെ തന്നെ സാക്ഷിനിർത്തി റൂമിലുള്ളവർ.... രസകരമായ പല പല കൗണ്ടറുകളുടെ അകമ്പടിയോടെ..... പച്ചക്ക് കത്തിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്......
[തുടരും]
Yakoob Rachana Nandi.......✍️