top of page

ഒരു കാനന യാത്ര....

Updated: Mar 19, 2020


രസം: 9...... സഞ്ചാരം..

കായൽ യാത്രക്കു ശേഷം


കഴിഞ്ഞ ജനുവരിയിലെ ഒരു കാനന യാത്ര....



വാൾപാറ യാത്ര എങ്ങനെയുണ്ട് …

എന്നു ചോദിച്ചാൽ....


ആതിരപ്പള്ളി...വാഴച്ചാൽ..

മലക്കപ്പാറ....വാൾ പാറ...

അങ്ങിനെ... ഒരു കാനന യാത്ര തന്നെ.....


ഒരുപാട് യാത്ര ചെയ്യുമ്പോൾ ഖൽബ് കരുണാദ്രം ആകുമെന്നാണ്....


എല്ലാ വിനോദയാത്രകളും നിരോധിച്ച .....ഈ

കൊറോണ കാലത്ത്.....


ഞാനൊരു സഞ്ചാര യാത്രാ വിവരണക്കാരനല്ലെങ്കിലും....


നിങ്ങളേയും ഞങ്ങൾക്കൊപ്പം പോയിടങ്ങളിലേയ്ക്കെല്ലാം ഒന്നു കൂടെ കൂട്ടാൻ ശ്രമിക്കുകയാണ്...


ഞങ്ങൾക്കൊപ്പം ഈ കാനന

ചോലയിലെ കാടു കാണാൻ പോരുന്നോ......


ഞാനും പോരട്ടേ... ഞാനും പോരട്ടേ..

എന്നായിരിക്കും മറുപടിയെന്ന് ധരിച്ചു കൊണ്ട്.....


ഈ പ്രാവശ്യത്തെ യാത്ര ബ്രസ്സയിലാണ്.....


സമയം വെയിസ്റ്റ് ആവാതിരിക്കാൻ..... കണക്കിൽ കണിശക്കാരൻ...


ഈ യാത്രാ ഷെഡ്യൂൾ തയാറാക്കിയ

അസൈനാർ ....ഒരു മുന്നറിയിപ്പും

തന്നിരുന്നു...


ഏതു കൊടും കാട്ടിലായാലും താൻ

ഒന്നിന് ☝️ സൈറൺ മുഴക്കിയാൽ....

ഉടൻ അവിടെ തന്നെ വണ്ടി ചവിട്ടി

നിറുത്തി കൊള്ളണം എന്നാണ് നിർദ്ദേശം.


ചാലക്കുടി.... ആതിരപ്പള്ളി വഴി രസക്കാഴ്ചകൾ കണ്ട് കൊണ്ട് യാത്ര തുടരവേ... ചെറിയ ഹിൽസ്റ്റേഷനായ.....



വാഴച്ചാലിലാണ് ആദ്യത്തെ സൈറ്റ് സീയിങ്ങിൻ്റെ പോയിന്റായി വണ്ടി നിർത്തിയത്...


വാഴച്ചാൽ ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ... അവിടുന്നങ്ങോട്ട്.. 55 km - ൽ മുക്കാൽ ഭാഗവും .. ഷോളയാർ റിസർവ്ഡ്ഡ് വന്യജീവി ഫോറസ്റ്റ് വനപാത തന്നെ മലക്കപ്പാറക്ക്......


വാഴച്ചാലിലും മലക്കപ്പാറയിലുമായി

രണ്ടു ഭാഗത്തും ചെക്ക് പോസ്റ്റുകളുണ്ടു്... അതിൽ സമയപരിധിയുമുണ്ടു്.. (9 am to 6 pm)


ബൈക്കിസ്റ്റുകൾക്ക് ഈ വന പാതയിലൂടെ യാത്രാനുമതി ഇല്ല...


ഈ വഴിയിൽ... സ്ഥിരമായി കാണുന്ന....



ആന.... കാട്ടുപോത്ത്.... വരയൻ പുലി

തുടങ്ങിയവ വളരേ അപകടകാരികളാണ്..


നരഭോജിയായ വരയൻ പുലി മനുഷ്യരുടെ ജീവനെടുക്കുമ്പോൾ... ആനകൾ നമ്മളുടെ സ്വപ്നങ്ങളെയാണ് തകർക്കുക....


അടുത്ത കാലത്ത് പോലും പുലികൾ ആളുകളെ പിടിച്ച കഥകൾ കേട്ടിട്ടുണ്ട്....

കാഴ്ച്ചകളെല്ലാം അതി മനോഹരമെങ്കിലും

ആനയും വന്യമൃഗങ്ങളും...


പ്രത്യേകിച്ച് പുലി ഇറങ്ങുന്ന ഇടവും ആയതുകൊണ്ട്...

പോകുന്ന വഴിയിൽ.... കാട്ടിൽ വാഹനം നിർത്തി ഇറങ്ങുന്നത് വളരേ അപകടം പിടിച്ചതായിരുന്നു....


പുലിമുരുകൻ..


ഇടതൂർന്ന കാട്..... അതിനിടയിലാണ് അസ്സയിനാറുടെ മൂത്രമണി

മുഴങ്ങിയത് .....


മുസ്താക്ക ഉടൻ സടൻ ബ്രയിക്കിട്ടപ്പോൾ... അസ്സയിനാർ കിണ്ടിയും വെള്ളവുമെടുത്ത് ഓടി ഒരിടത്ത് മൂത്രിഫിക്കേഷനു വേണ്ടി മുട്ടുകൾ ഓടാൻ പാകത്തിൽ മടക്കി ഇരിക്കുന്ന പോസ്

കണ്ടാൽ .....


ഫോറസ്റ്റ് ഗാർഡുകളുടെ തന്ത്രങ്ങളും ആയുധങ്ങളും പിഴച്ചിടത്ത്... പുതിയൊരു ആയുധവുമായി...


പുലിയൂരിലെ പുലിമഠയിൽ തന്നെ... പുലിയെ തളക്കാൻ അസൈനാർ

എത്തീ... എന്നേ തോന്നൂ.......


വരയൻ പുലിയുടെ വരവും പേടിച്ചു..

മടക്കിയ മുട്ട് വിറപ്പിച്ചുള്ള

അസൈനാറുടെ ആ പകുതി ഇരുപ്പിന്റെ പോസ് കണ്ടാൽ.....


ശരിക്കും..... പുലിമുരുകനിലെ വരയൻ പുലിയോട് മല്ലിടാൻ വന്ന.... മോഹൻലാലിന്റെ ആ പുലിമുരുകനായുള്ള നിൽപ്പാണ് ഓർമ്മയിൽ വരിക....ഒപ്പം...


പുലിമുരുകന്റെ അമ്മാവനായ ബലരാമനായി ഞാനും... ചങ്ങാതി പൂങ്കായ് ശശിയായി മുസ്താക്കയും..


അസൈനാരുടെ ഈ കോപ്രായങ്ങളെല്ലാം ഒരു വരയൻ പുലി... അങ്ങകലെ നിന്നും നോക്കി നിന്നതല്ലാതെ.........


അടുത്തേക്ക് അടുക്കാതെ അകന്നു പോകുന്നതാണു് കണ്ടത്....


അസൈനാർ വിചാരിച്ചത്... പുലി തന്നെ കണ്ട് പേടിച്ചോടിയതെന്നാണ്...


പക്ഷെ...അതായിരുന്നില്ല സത്യം...പുലിക്കു തന്നെ തോന്നിക്കാണും.....


ഈ എല്ലിൻ കഷണം കടിച്ചിറക്കിയിട്ട്...... അണ്ണാക്കിലെങ്ങാനും കുടുങ്ങിയാലോ... എന്ന് തോന്നി ഇട്ടേച്ചു പോയതാണ്....


മല മുകളിലെ തേയില തോട്ടങ്ങൾ....


അതിനു മുകളിലെങ്ങും കൺ കുളിർപ്പിക്കുന്ന കാട്ടു കാഴ്ച്ചകൾ....


മുമ്പ്..... ഈ കൊടും കാടുകൾക്കിടയിലും... എങ്ങിനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടാക്കീ.... എന്നത് ഒരത്ഭുതമായി തോന്നാം..?


ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്.


1885-ൽ പ്രസിദ്ധീകരിച്ച

"ഇമ്പീരിയൽ ഗസറ്റ് ഓഫ് ഇന്ത്യ" യിൽ ഈ ഭൂപ്രദേശത്തെപ്പറ്റി പറയുന്നത്..... ഇന്ത്യയിൽ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളുടേയും വാസസ്ഥലം ആയിരുന്നു ഇവിടം എന്നാണ്...


നൂറോളം പാമ്പുകടിയേറ്റുള്ള മരണം ഒരു വർഷത്തിൽ അവിടെ കണക്കാക്ക

പ്പെട്ടിട്ടുണ്ട് .....


പോക്കുവെയിൽ തണൽ വിരിച്ച്......

കാട് കനത്ത്....ഇരുട്ടിൻ്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോഴാണ്...


അസർ നിസ്ക്കാരം ഖളാ... ആയിപ്പോകുന്ന കാര്യം .... മുസ്താഖ ഓർമ്മപ്പെടുത്തിയത്....


അൽപം കൂടി മുന്നോട്ട് പോയപ്പോൾ


KSEB - യുടെ ഷോളയാർ പവ്വർ സ്റ്റേഷൻ്റെ ഗയിറ്റും.. അതിനു മുന്നിലൊരു ...X - military

സെക്യൂരിറ്റിയേയും കണ്ടു..


ആ അമുസ്ലിം സുഹൃത്ത്.....


ആനയും പുലിയും.... ഉഗ്രവിഷ ജന്തുക്കളും ഇറങ്ങുന്ന സ്ഥലമാണിതെന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തിയ ശേഷം.....


ഞങ്ങളുടെ സ്വന്തം റിസ്ക്കിൽ റോഡിൽ നിസ്കരിക്കുന്നതിൽ വിരോധമില്ലെന്നും.. പറഞ്ഞ്... വുളു എടുക്കാനുള്ള ഏർപ്പാടും ചെയ്ത്..... ഒപ്പം റോഡിൽ വിരിക്കാൻ പഴയ

പത്രങ്ങളും സംഘടിപ്പിച്ചു തന്നു.



ഈ കൊറോണ ഭീതിയിലും ആറ്റുപൊങ്ങാലയിടുന്നതു പോലെ...


പുലി വരുമെന്ന പേടിയിൽ.... രണ്ടു പേർ വീതം കാവൽ നിന്നു... ഞങ്ങൾ ഓരോരുത്തരായി നിസ്കരിച്ചു....


ഒച്ച് നീങ്ങുന്ന വേഗതയിൽ മാത്രം

നിസ്ക്കരിക്കുന്ന മുസ്താക്കയുടെ നിസ്ക്കാരത്തിൻ്റെ സ്പീഡ്..... ഹുസ്സയിൻ ബോൾട്ടിൻ്റെ വേഗതയേയും

വെല്ലുന്നതായിരുന്നു....


പ്രമുഖ വ്യാപാരിയായിരുന്ന രാമാസ്വാമി മുതലിയാർ എന്ന വ്യവസായിക്ക്.... വാൽപ്പാറയിലെ വന ഭാഗങ്ങൾ...... തോട്ടങ്ങൾ ആക്കപ്പെടാൻ സഹായിച്ച സി. എ. കാർവർ മാർഷ് ! എന്ന ഒരു വിദഗ്ദ പ്ലാന്ററുണ്ടായിരുന്നു..


നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബന്ധം പുലർത്തിയ വാൽപാറയിലെ തോട്ടങ്ങളുടെ സ്ഥാപകനായ കാർവർ മാർഷിനെ......


" ഫാദർ ഓഫ് ആനമലൈസ് "

എന്നാണു് അറിയപ്പെട്ടിരുന്നത്..


മലക്കപ്പാറ...


ഈ പാറയുടെ മുകളിലൂടെയുള്ള വെള്ളത്തിൻ്റെ മലക്കം മറിച്ചിലൊന്നുമല്ല മാലാഖപ്പാറയെ മലക്കപ്പാറ ആക്കിയത് ..


തേയിലക്കൊളുന്തിലും.. കോടമഞ്ഞിലും.. കോർത്തിട്ട മലക്കപ്പാറ....


പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്തൂടെ ഒരിക്കലെങ്കിലും കടന്നുപോകുന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ഓർമ്മക്കുറിപ്പിൽ വേറിട്ട് നിൽക്കും...


വാൾ പറ....


അങ്ങിനെ.... ഞങ്ങൾ വൈകിട്ട് ഏഴു മണിയോടെ വാൾപ്പാറ ടൌണിലെത്തി......


അപ്പോഴേക്കും ചെറിയ സുഖകരമായ ഒരു ചീതക്കാറ്റ്.. ഞങ്ങളെ തണുപ്പിച്ചു തുടങ്ങിയിരുന്നു.....


പുറത്തിറങ്ങി അങ്ങാടി ഒന്ന് ചുറ്റിക്കറങ്ങിയപ്പോൾ ഭക്ഷണം ചെറിയൊരു പ്രശ്നം തന്നെയെന്ന് തീരുമാനമായി....


ടൗണിലും പുലി സ്ഥിരമായി ഇറങ്ങാറുണ്ടു പോൽ........


കാവലായി ട്രെയിൻഡ് പുലി പിടിത്തക്കാരായ ഫോറസ്റ്റ്കാരും സുലഭമാണവിടെ ടൗണിലും.....


അന്നവിടെ ഹോട്ടലിൽ റൂമെടുത്ത് ..... മൂടിപ്പുതച്ചൊരു സുഖനിദ്ര..... ശുഭരാത്രി.....


രാവിലെ പ്രാതൽ കഴിച്ച് [അതിലെന്തോ വയറ്റിന് പിടിച്ചില്ലെന്ന്... അപ്പോൾ തന്നെ എനിക്ക് സൂചന കിട്ടിയിരുന്നു..... ]


അവിടുന്ന് സൈറ്റ് സീയിങ്ങിന് നേരേ പിടിച്ചത് നല്ലമുടി പൂഞ്ചോല ട്ടീ എസ്റ്റേറ്റിലേക്കാണ്...


നല്ലമുടി പൂഞ്ചോല ട്ടീ എസ്റ്റേറ്റിലെ

സൈറ്റ്സീയിംഗ് പോയിന്റിൽ

നിന്നും നോക്കിയാൽ...... മൂന്നാർ മലനിരകളാണ് നേരേ കാണുക.....


മോഹൻലാലിൻ്റെ പുലിമുരുകനിലെ....

വരയൻ പുലിയുടെ ശല്യമുള്ള പ്രദേശത്തിന് സമാനമായ ഭൂപ്രദേശം....


ഫോറസ്റ്റുകാർ വരയൻ പുലിയും ആനയും ഇറങ്ങിയിട്ടില്ലാ..... എന്നുറപ്പ് വരുത്തിയ ശേഷമായിരുന്നു

ഞങ്ങൾക്ക് ആ പോയിന്റിലേക്ക് നടന്നു കയറാൻ കഴിഞ്ഞത് .......


ആനകളോട് സംസാരിക്കാനറിയുന്നതും...


പുലി വന്നാൽ മല്ലിടാൻ ട്രെയിൻ ചെയ്തതുമായ... ആരോഗ്യ ദൃഢഗാത്രനായ ഒരു ഫോറസ്റ്റുകാരനേയും ഞങ്ങൾ


നല്ലമുടി പൂഞ്ചോല ട്ടീ എസ്റ്റേറ്റിൽ വെച്ചു യൂനിഫോമിൽ പരിജയപ്പെട്ടു.


വാൾ പാറ യിൽ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാൾപ്പാറ ചുരം.....


ചുരം ഇറക്കത്തിൻ്റെ തുടക്കത്തിൽ തന്നെ... എന്റെ ദഹനക്കേടിൻ്റെ വില്ലനെ പുറത്ത് ചാടിക്കാനാണോ ?..


അല്ല...... "വൾ പാറ" എന്ന പേരിനെ അന്വർത്ഥമാക്കാൻ വേണ്ടിയാണോ.......? എന്നറിയില്ല..


ആ "വാൾ" പാറയിലെ "പാറ"ക്കു മുകളിൽ തന്നെ എനിക്കൊന്ന് "വാൾ" വെക്കേണ്ടി വന്നു. അങ്ങിനെ "വാൾ പാറ" എന്ന പദം അന്വർത്ഥമാക്കപ്പെടുകയും... അതോടെ എൻ്റെ ഭക്ഷണം മൂലമുണ്ടായ അസ്വസ്ഥതകൾ മാറി കിട്ടുകയും ചെയ്തു.


41 കൊടും വളവുകളിലൂടെ [Hair pin Bends] വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന..... അതും നല്ല .. വീതിയുള്ള..... രസ കാഴ്ചകൾ കാണാനുള്ള ഒരു ചുരം റോഡ് തന്നെ....


ചുരത്തിൽ നിന്നും താഴേ പൊള്ളാച്ചി തടാകം വരേ നോക്കി കണ്ടു.....


{ ഇതിനിടയിൽ വെറും 9 ഹെയർപിൻ വളവുകൾ മാത്രമുള്ള.. ഞമ്മളെ... താമരച്ചേ....രി ചുരം ... എന്തോ.... ന്ന്..... അല്ലേ.....}


മനം കവരുന്ന കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്ന താഴ് വരകളും.... തേയില തോട്ടങ്ങളും.. പുൽമേടുകളും..... തടാകങ്ങളും... പൂമരങ്ങളും... നിറഞ്ഞ വാൽപാറയുടെ മനോഹാരിത തന്നെ മനസ്സിൽ.....


പൊള്ളാച്ചി വഴി.... തിരുപ്പൂരിൽ

കറങ്ങി ...തിരിച്ച് കോയമ്പത്തൂർ....

പാലക്കാട് വഴി നാട്ടിലെത്തിയിട്ടും ....


ഇപ്പോഴും വാൽപാറയുടെ.... പ്രകൃതി സൗന്ദര്യം മാഞ്ഞു പോവാതെയും...... അയവിറക്കിയും.... ചിട്ടയായ ഒരു യാത്രയുടെ സംതൃപ്തിയോടെ.......


എൻ്റെ നാട്ടുകാരനും... അയൽ വാസിയുമായ ഹരീഷ് ഇയ്യോളിക്കണ്ടിയുടെ ഒരു 'കവിതാലാപനത്തിൻ്റെ ചാറ്റൽ മഴ മനസ്സിൽ പെയ്തിറങ്ങി.... മയക്കിയ സുഖത്തിലെന്ന പോലെ.....


അന്നത്തെ പകലിൻ്റെ പകുതി മുഴുക്കെ ഒന്ന് മയങ്ങി തിമിർത്തു...... 🙏


.....................ശുഭം.................


{ അടുത്ത യാത്ര തെങ്കാശിക്ക്..}


Yakoob Rachana Yakoob


86 views0 comments
Post: Blog2_Post
bottom of page