ഹരീന്ദ്രൻ്റെ കെട്ട് സ്വപ്നം.....
Updated: Sep 18, 2021
ഹരീന്ദ്രൻ്റെ കെട്ട് സ്വപ്നം.....
-------------------------------------
ആൾ താമസം അസാദ്ധ്യമായ
പൊന്തക്കാടിനു ചുറ്റും ഭൂമിയുടെ വിലയേക്കാളും പണം ചിലവാക്കി....
പ്രവാസിയുടെ നോട്ട് കെട്ടു് പൊട്ടിച്ചു... മതിൽ കെട്ടി ആത്മനിവൃതി അണയുന്ന
ഈ മതിൽ പ്രേമികളുടെ തുടക്കം.....
പണ്ട്... പുതുപ്പണത്ത് വാഴുന്നോരായ.....
ചീനംവീട്ടിൽ തങ്ങൾ....... എന്ന നാടുവാഴിക്ക് തച്ചോളി മാണിക്കോത്ത് ഉപ്പാട്ടിയമ്മയിൽ പിറന്ന രണ്ടാമത്തെ മകനായ .....
തച്ചോളി ഒതേനൻ്റെ...... അന്നത്തെ
കോഴിക്കോട്ടേക്കുള്ള യാത്രാ വഴിയെന്നാൽ....
നമ്മുടെ വിളക്കുമാടം നാട്ടു മാർഗ്ഗം തന്നെ ആയിരുന്നു..
ഒരിക്കൽ ഒതേനൻ കോഴിക്കോട്ടേക്ക് പൊയ് കൊണ്ടിരിക്കേ....
ഒതേനന്റെ ദൃഷ്ടികൾ.... വഴിയരികിലുള്ള തറവാട്ടിലെ സ്ത്രീ സൗന്ദര്യങ്ങളിൽ പതിയുന്നത് ശ്രദ്ധയിൽപ്പെട്ട..... അന്നത്തെ നാട്ടു കാരണവമ്മാർ....
ഒതേനൻ മടങ്ങി വരുമ്പോഴേക്കും സ്ഥലം തിരിച്ചറിയാതിരിക്കാൻ വേണ്ടി മതിലുകൾ പൊക്കി കെട്ടി
ഉയരം കൂട്ടി എന്നാണ്...
അതു തന്നെയായിരുന്നു... നടവഴിയും.. ഇടവഴിയും...
നിറഞ്ഞ ഈ വിളക്കുമാടം നാട്ടിൽ മതിലുകളുടെ തുടക്കവും.. .
ഹരീന്ദ്രൻ എന്ന മതിൽ കോൺട്രാക്ടറുടെ പിൽക്കാലത്തെ ഉദയവും.....
അതാ വരുന്നു.... നമ്മുടെ മതിൽ ശിൽപി ഹരീന്ദ്രൻ....
ഒരു കപ്പൽ വരുമ്പോൾ.... ദൂരെ നിന്ന് നാം ആദ്യം കാണുക...
അതിൻ്റെ പുകക്കുഴലാണ്....
ഹരീന്ദ്രൻ്റെ വരവിൽ ആദ്യം കാണുക.... നെറ്റിയിലെ ആ
വട്ടത്തിലുള്ള കുങ്കുമ പൊട്ടാണ്...
പിന്നെ...ഇടതു കൈത്തണ്ടയിലെ... കൈത്തറി മഗ്ഗിലേ...നൂൽകൂട്ടം പോലുള്ള രക്ഷാബന്ധനും...
ആ വരവു കണ്ടാൽ..... ഗുജറാത്തിലെ ഏതെങ്കിലും ഒരു ടെക്സ്റ്റയിൽ മില്ലുടമ എന്നേ... തോന്നൂ...
നടുനെറ്റിയിലെ വട്ടപൊട്ടും.....
കൈത്തണ്ടയിലെ നൂൽ കെട്ടും കണ്ടാൽ...
ഒരു കൂട്ടർക്ക്...ഭക്തിയാദരവും...
ചിലർക്ക് വിദ്വേഷവും....
മറ്റു ചിലർക്ക് ഭയവുമാണു്...
തലയിൽ തൊപ്പിയും...
ചുണ്ടിൽ ബീഡിയും.....
അതിൻ്റെ നാറ്റവുമായി സെയ്തൂട്ടി പതുക്കെ
ചെവിയിൽ വന്നു പറയും....
"ഓൻ ഞമ്മളോട് ചിരിക്കുന്നതു
നോക്കണ്ട ..... ഉള്ളിൽ ബെലിയ ബർഗ്ഗീയ വാദിയാ...വരവു കണ്ടില്ലേ......"
സെയ്തൂട്ടി അപ്പറഞ്ഞതാണ്.... യഥാൽത്ഥ വർഗ്ഗീയതയെന്ന്...
സെയ്തൂട്ടി സ്വയം തിരിച്ചറിയുന്നില്ല.....
നല്ലൊരു ഹിന്ദു വിശ്വാസിയായ... ഹരീന്ദ്രൻ്റെ ചുണ്ടിലെപ്പോഴും...
എരഞ്ഞോളി മൂസയുടെ
മാപ്പിള പാട്ടിൻ്റെ ഇശലുകളാണ്...
അന്ന് മൂളിയത്... ആർത്തിമൂത്താ....പ്പാൻ്റെ
രണ്ടാമത്തേ... വലിയ കെട്ടിൻ്റെ പണി നടക്കുന്നതിൻ്റെ.... തൊട്ടടുത്തുള്ള
അദ്ദേഹത്തിൻ്റെ തന്നെ.....
മൂന്നാമത്തെ കെട്ട് കെട്ടാനുള്ള... ആ പറമ്പ് നോക്കി മൂളിയതിങ്ങനെ.....
"കെട്ടുകൾ മൂന്നും...... കെട്ടീ....
കട്ടിലിൽ നിന്നേയും ഏറ്റീ..."
കെട്ടുകൾ എന്നാൽ ഹരീന്ദ്രന് മതിൽ കെട്ടാണ്...
ഹരീന്ദ്രൻ അതിൻ്റെ അർത്ഥം
ഗ്രഹിച്ചിട്ടൊന്നുമല്ലാ.....പാടുന്നത്....."കെട്ട് " എന്നത് മൂപ്പർക്കൊരു വീക്നസ്സാണ് ....
പക്ഷെ... ഹരീന്ദ്രൻ ബ്രഹ്മമുഹൂർത്തത്തിൽ ചന്ദനവും... പുലർച്ചെ കുങ്കുമവും..... സായാഹ്നത്തിൽ ഭസ്മവും....
നെറ്റിയിൽ തൊടുന്നതിൻ്റെ രഹസ്യം.....
നെറ്റിക്ക് നടുവിലെ.... തൃക്കണ്ണിൽ
''ഓം കേശവായ നമഃ " എന്നുച്ചരിച്ച് കുറി തൊട്ടാൽ... ആകുലതകൾ മാറി
മനസ്സ് ശാന്തമാകും എന്ന
വിശ്വാസത്തിലാണ്.....
അല്ലാതെ "കുറി" തൊട്ട് ആരേയും കൊല്ലാനല്ല.....
പിന്നെ... കൈത്തണ്ടയിലെ
"രക്ഷാ ബന്ധൻ...''
അത് സാഹോദര്യത്തിൻ്റെ വർണ്ണ... കെട്ടുകളാണ്......
ഒരിക്കൽ ബാലരാമവർമ്മ മഹാരാജാവ്.....
അനന്തപുരിയിലെ ഒരു തെരുവിൽ മുസ്ലീങ്ങൾ അടക്കം അഞ്ചു വിഭാഗങ്ങളെ നെയ്ത് തുടങ്ങാൻ വേണ്ടി ഒന്നിച്ച്
പാർപ്പിച്ചിടം... പിൽക്കാലത്തും.. ഇന്നും ആ തെരുവ് "അഞ്ചുവർണ്ണതെരു"
എന്ന് അറിയപ്പെടുന്നതു..... പോലെ....
അമീതിൻ്റേയും.... അച്ചുതൻ്റേയും
മമ്മതാജിൻ്റേം... ഒക്കെ....
സ്നേഹത്തിൻ്റെ നൂലുകൾ കൈത്തണ്ടയിൽ കെട്ടിയാണ്.... ആ കാണുന്ന രാഖി... രക്ഷാബന്ധൻ ഇത്ര ബലവത്തായത്.....
കല്ലുവെച്ച നുണകൾ പറയാത്തവനും...
കല്ലുപോലൊരു കരളുള്ളവനും..
കല്ലു പണി കോൺട്രാക്ടറും..
കല്ലു കച്ചവടക്കാരനുമായ ഹരീന്ദ്രന്....
മൂത്രത്തിൽ പോലും കല്ലുണ്ടെന്നത് ....
കല്ലുമായുള്ള അദ്ദേഹത്തിൻ്റെ
ബന്ധത്തെയാണു് സൂചിപ്പിക്കുന്നത്...
ഹരീന്ദ്രൻ്റെ ജീവിതം.. ഒന്നു തിരിഞ്ഞു നോക്കിയാൽ... അദ്ദേഹത്തിനും പറയുവാനുണ്ടാവും കഷ്ടപ്പാടിൻ്റെ പന കയറ്റവും..... മലയിറക്കവും കലർന്ന കരളലിയിപ്പിക്കുന്ന കഥകൾ...
വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ അപമാനിച്ചവർക്കെല്ലാം.. ഉരുളക്കുപ്പേരിയെന്നോണം..... മറുപടിയും കൊടുത്തിട്ടുണ്ട്...
ഒരിക്കൽ കുശലങ്ങൾക്കിടയിൽ...
ഒരു അദ്ധ്യാപകൻ... തനിക്ക് ശമ്പളം Rs.75000 എന്നു പറഞ്ഞപ്പോൾ... ഹരീന്ദ്രന്റെ വായിൽ നിന്നും അറിയാതെ മൊഴിഞ്ഞു പോയി...
"അത്... ഇത്തിരി കൂടുതലല്ലേ.... "
എന്നതിന് ഉദ്യോഗസ്ഥന്റെ പ്രതികരണം...
"പഠിക്കേണ്ട സമയത്ത് തെങ്ങേൽ കേറികളിച്ചാൽ... അങ്ങിനെയാ..." എന്ന്...
പിന്നീടൊരിക്കൽ അതേ വീട്ടുപറമ്പിൽ
അഞ്ച് തെങ്ങിൽ കയറിയ ഹരീന്ദ്രനോട് ഉദ്യോഗസ്ഥൻ കൂലി ചോദിച്ചപ്പോൾ.....
ഹരീന്ദ്രൻ പറഞ്ഞു
"ആയിരം രൂപ" എന്ന്..
അതു കേട്ട ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചു..
"അതെന്താ.... അങ്ങിനെ....?"
ഹരീന്ദ്രൻ പറഞ്ഞു..." തെങ്ങേൽ കേറേണ്ട സമയത്തു... പഠിക്കാൻ പോയാൽ... അങ്ങിനെയാ...."
എല്ലാറ്റിനേയും സ്വയം അങ്ങിനെ അതിജീവിച്ചു്..ഇന്നിതാ ഹരീന്ദ്രൻ
വിളക്കുമാടത്തിൻ്റെ നാടിനെ
ചെങ്കൽ കഷ്ണങ്ങളിൽ
വിരിയിച്ച മതിൽ മയമായ അത്ഭുതങ്ങളുടെ ലോകമായ ഹംപി....അല്ലെങ്കിൽ
കിഷ്കിന്ദയാക്കി മാറ്റിയിട്ടുണ്ട്...
ചോള സാമ്രാജ്യത്തിൻ്റെ മുഖ്യശില്പിയുടെ പേരായ...
''കുഞ്ചറ മല്ലൻ പെരുന്തച്ചൻ"
എന്ന പേര് തഞ്ചാവൂരിലെ മതിൽ കെട്ടുകളിൽ
കൊത്തിവെച്ച പോലെ.......
ചെങ്കൽ കെട്ടുകളിൽ നിന്നും സംഗീതം പൊഴിപ്പിക്കാൻ പോലും.... മാസ്മരിക സിദ്ധിയുള്ള ഹരീന്ദ്രൻ്റെ പേരും...
കൊത്തിവെക്കേണ്ട...
ഒരുപാടു മതിലുകൾ ഇന്നിവിടെയുണ്ട്....
അങ്ങിനെ.....വിളക്കുമാടത്തിൻ്റെ നാട്ടിൽ...
മതിലില്ലാത്തൊരു പറമ്പില്ലാ...... എന്ന ഹരീന്ദ്രന്റെ സ്വപ്നം ഏതാണ്ട് പൂർത്തികരിച്ചപ്പോളാണ്.....
ആ മതിൽ കെട്ടുകളെയെല്ലാം ചാടി മറികടന്ന്....മരുന്നും... വാക്സിനും കണ്ടു പിടിക്കാൻ കഴിയാത്ത..... പുതിയ വൈറസ്സുകൾ... മനുഷ്യനെ തേടി പിടിച്ചു.....
അവൻ്റെ ദിനം പ്രതിയുള്ള കൊഴിഞ്ഞു പോക്ക് എളുപ്പമാക്കിയത്....
പിന്നാലെ വന്ന അപ്രതീക്ഷിത മഹാപ്രളയവും....സ്ത്രീ നാമങ്ങളിൽ വന്ന പലതരം ചുഴലി കാറ്റുകളും വേദി മറന്നു സംഹാര നൃത്തമാടിയപ്പോൾ .... നാട്ടിലെ സർവ്വതും കടപുഴകി ഒഴുക്കിയതോടൊപ്പം..
മനുഷ്യ ജീവനുകളും..... തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരുന്നു.....
ഹരീന്ദ്രൻ... തോരാത്ത മഴയും...
തീരാത്ത കാറ്റും വകവെക്കാതെ... ആർത്തിമൂത്താ....പ്പാൻ്റെ
മൂന്നാമത്തെ കെട്ടിൻ്റെ പണി കഴിഞ്ഞിടത്തേക്ക് പുറപ്പെട്ട വഴിയിൽ
കണ്ട കാഴ്ച....താൻ ഈ നാട്ടിൽ കെട്ടിയ കെട്ടുകൾ മാത്രമല്ല.....ഒന്നും ബാക്കി വെക്കാതെ..... വൈദ്യുതി പോലും നിലച്ച്....നാടിനെ ഇരുട്ടിലാഴ്ത്തിയും....
കിബിറുള്ളവന്റെ കബർ പോലും...
മഹാമാരിയും.... പ്രകൃതി ക്ഷോഭവും കാർന്നെടുത്ത് കൊണ്ടുപോയ വേദനിപ്പിക്കുന്ന കാഴ്ച കണ്ട ആലസ്യത്തിൽ ഒന്നു
മയങ്ങിയതാണ്...
പെട്ടെന്ന് കൂടിയ ചുഴലിക്ഷോഭവും... വെള്ളത്തിന്റെ കുത്തിയൊലിപ്പും....
ഹരീന്ദ്രനേയും... വലിച്ചിഴച്ച് കൊണ്ടെത്തിച്ചത്...... തന്റെ ഉയർച്ചക്ക് കാരണമായ
കല്ലിനു.... വേണ്ടി കൊത്തി താഴ്ത്തിയ.... ചെങ്കൽ കക്കുഴി ഗർത്തത്തിലെ "വായേപാതാളം" പോലുള്ള ഒരു പാതാളത്തിലേക്കാണ്......
അവിടെയെത്തിയ ഹരീന്ദ്രൻ കണ്ട കാഴ്ച....വിളക്കുമാടം ഗ്രാമത്തിലെ എല്ലാവരും തന്നേക്കാളും... മുമ്പേതന്നെ അവിടെ ഹാജറായിരിക്കുന്നൂ..... എന്നതോടൊപ്പം.......
എന്നും നിത്യോത്സാഹികളായവരിൽ ചിലർ... അവിടേയും..നിക്ഷേപം സൂക്ഷിച്ച സഹകരണ ബേങ്കുകളേയും.....
മറ്റു ചിലർ... അപ്പൊഴും നൂറ്റി ഒന്നാം ബ്രാഞ്ചിന്റേയും ചിന്തയിലിരിക്കുന്നതാണു്...
അവർക്കിടയിൽ നിന്നും വേറിട്ടൊരു... ശബ്ദം കേട്ടത്.....
"ഹരീന്ദ്രാ.... പഹയാ.... ഞമ്മളെല്ലാം ഒടുവിൽ ഒരുത്തേലാണോ എത്തിയത്.... ഇനി ഞമ്മക്കിടയിൽ ഇബ്ടേം ഒരു മതിൽ
പണിയേണ്ടേ....... ?"
അത് മറ്റാരുമായിരുന്നില്ല..... നമ്മളെ സെയ്തൂട്ടി...... ബീഡിയുടെ അഭാവം കൊണ്ടാണോ എന്നറിയില്ല...
ഈ പ്രാവശ്യം ചുണ്ടിൽ കാണുന്നത് ചുരുട്ടാണ്.... ചുരുട്ടെന്നാൽ.... ഇമ്മിണി വലിപ്പമുള്ള ചുരുട്ട്....... പ്രളയവും ചുഴലിയുമേറ്റ് വിളക്കുമാടവും ചരിഞ്ഞപ്പോൾ....അതെടുത്ത് ചുണ്ടിൽ വെച്ച്... അറ്റത്ത് തീ കൊളുത്തി പുകയ്ക്കുകയാണോ... എന്നു തോന്നും..
ഹരീന്ദ്രൻ സെയ്തൂട്ടിയോടു പറഞ്ഞു....
"സെയതൂട്ടി..
പടച്ചോൻ്റെ ഈ തടങ്കൽ
പാളയത്തിൽ...
ഒരു മതിലേ ഉണ്ടാവൂ.....
അത്... സ്വർഗ്ഗത്തേയും
നരകത്തേയും വേർതിരിക്കുന്ന
ആ...കാണുന്ന.....
ഒരേയൊരു വൻമതിലാണ്..."
ഞെട്ടി ഉണർന്നപ്പോൾ മുന്നിൽ കണ്ടത്...
കത്തിച്ചു വെച്ചിരുന്ന മുട്ട വിളക്കിൻ്റെ തിരിയുടെ നാളം.......വിളക്കുമാടത്തിന്റെ അറ്റത്തെ വെളിച്ചം കറങ്ങി വീശുന്നതു പോലെ.....
കാറ്റിൽ ഇളകി കറങ്ങി അണയാനുള്ള
തത്രപ്പാടിലാണ്....
..................ശുഭം.................
...............🙏.................
Yakoob Rachana Nandi.......✍️
[ഇതൊരു വെറും സാങ്കൽപിക കഥയാണ്.. ഇതിൽ ജീവൻ്റെ നിറം കൊടുത്ത് ദയവു ചെയ്തു ഒരു കഥകേടാക്കരുത്...]