top of page

THYKKANDY

Updated: Jun 14, 2021


തൈക്കണ്ടി പുട്ടും..

ജമ്നാപ്യാരിയും...

..............................................

തട്ടിക്കോ..തട്ടിക്കോ...

പുട്ടു തട്ടിക്കോ.......

കൂട്ടിക്കോ... കൂട്ടിക്കോ....

കൂടെ കൂട്ടിക്കോ.....


നന്തി ഗ്രാമത്തിലെ സുപരിചിതമായ

ഒരു നാടൻ ചായക്കടയായ..


തൈക്കണ്ടി പീടികയിലെ പുട്ട് വളരെ പ്രസിദ്ധമാണ്....... ഒരു കാലത്ത്.... തൈക്കണ്ടി പുട്ട് തട്ടാത്തവർ ഇവിടെ കുറവാണു്


ദിലീപിന്റെ ദേ... പുട്ടും... മോട്ടർ നന്നാക്കുന്ന ഹുസൈൻ തങ്ങൾ പറയുന്ന ഇൻപുട്ടും....

ഔട്ട് പുട്ടും..തൈക്കണ്ടി പുട്ടോളം എത്തില്ല.. അതാണ് പുലർച്ചേ തൊട്ടുള്ള തൈക്കണ്ടി

പീടികയിലെ തിരക്കിന്റെ രഹസ്യം...


തിരക്കെന്ന് പറഞ്ഞാൽ.....

വൈകിട്ട് കൊല്ലം ചിറയിലെ ദിനേശന്റെ പിടികയിലെ ഇളനീർ ജൂസിനുള്ള ക്യൂ പോലെയാണു്...


തൈക്കണ്ടി സമീപവാസികളിൽ ചില വയോധികർ കിടപ്പുമുറിയിലെ ബെറ്റർ ഹാഫ് ഉണരുന്നതിന് മുമ്പ് പുലർച്ചേ തന്നെ.. തൈക്കണ്ടി പീടികയിൽ എത്തി പുട്ടും ചായയും തട്ടി പോവാറുണ്ട്.


എന്നാൽ അടക്കം പറച്ചിൽ... അത് ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ

കൊണ്ടാണെന്നുള്ളത്

ശരിയല്ല.... സത്യം..

പുട്ടിനോടുള്ള അഭിനിവേശം തന്നെ.....

ഒന്ന് രുചി അറിയാനാണ് ആദ്യമായി അന്ന് തൈക്കണ്ടി പീടികയിൽ ഞാൻ

എത്തിയത്... പുട്ട് ആസ്വദിച്ചു കൊണ്ടിരിക്കേ....


മലയാള സിനിമയിൽ 80-തു കളിൽ ഹീറോ ആയിരുന്ന..... കാഴ്ചയിൽ

പുരുഷത്വത്തിന്റെ പ്രതീകതയുള്ള നടൻ രതീഷിന്റെ തലയെടുപ്പ് തോന്നിപ്പിക്കുന്ന..

തൈക്കണ്ടിയുടെ മകൾ ശാഇദയുടെ പുതിയാപ്പിള സമദ് ... അവിടേയ്ക്ക് കടന്നു വന്നതും...

വാചാല ചാതുരിയുള്ള തൈക്കണ്ടി എന്ന കുഞ്ഞോവ്ള്ളുക്ക... അതു വരെ പറഞ്ഞ ആധാരത്തിന്റെ കഥകൾ മാറ്റിപ്പിടിച്ച്...


"മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി" എന്ന പഴഞ്ചൊല്ലിനെ മാറ്റി.....


"ആടിനെ വാങ്ങാൻ വന്നവൻ

പെണ്ണും കൊണ്ടു പോയി" എന്നുകൂടി... കൂട്ടി ചേർക്കണം എന്നു പറഞ്ഞു കൊണ്ടാണ് തൈക്കണ്ടിയുടെ തുടക്കം.


തന്റെ മകൾ ശാഇദാക് സമദിനെ മണിമാരനാക്കിയ കഥ.. സമദിനെ തന്നെ സാക്ഷി നിർത്തിയാണ്...

പറഞ്ഞു തുടങ്ങിയത്......


തൈക്കണ്ടിയുടെ ഭാര്യ കുഞ്ഞിക്കദീശാക്ക് ഒരു ആടുണ്ടാായിരുന്നു...വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ പോലെ......


ആട് പാവപ്പെട്ടവന്റെ ഒരു പശുവാണല്ലോ...

പക്ഷെ കുഞ്ഞിക്കദീശാക്ക് ഈ ആട് ഒരു എടിഎം {ATM } മെഷീൻ പോലെയാണു്....

തിടുക്കത്തിന് ആടിന്റെ അകിട് ഒന്ന് ചുരന്നാൽ മതി... താൽക്കാലിക തിടുക്കം തീരും.... അങ്ങിനെയുള്ള


ആ ആടിനെ വിൽക്കാനാണ് ക്യഞ്ഞിക്കദീശ തീരുമാനിച്ചത്......

അതിന്നായി വിദഗ്ദനായ ഒരു ആടു ബ്രോക്കറെ ഏൽപിക്കുകയും ചെയ്തു.....


ആടിനെ വിൽക്കാൻ ഏൽപിച്ച ബ്രോക്കർ... വേണമെങ്കിൽ

പട്ടിയെ ആടാക്കി വിൽക്കാൻ പോലും കഴിവുള്ള "ആട് ശാസ്ത്രം" അറിയുന്ന ആൾ തന്നെ.


ആടിനെ വിൽക്കാൻ അവർ ഏല്പിച്ച ബ്രോക്കറും..... തൈക്കണ്ടി തന്റെ മകൾ ശാഇദാക്ക് പുതിയാപ്പിളയെ നോക്കാൻ ഏല്പിച്ച മറ്റൊരു ബ്രോക്കറും.. പരസപരം അറിയാതെ എത്തിപ്പെട്ടത് രണ്ടിന്റേയും ആവശ്യക്കാരനായ സമദിന്റെ ബാപ്പ മമ്മദ്ക്കാന്റ അടുത്താണ്..


ആടിന്റെ ബ്രോക്കർ തനിക്കു ആടിനെക്കുറിച്ചുള്ള പരിജ്ഞാന മികവ് സമദിന്റെ ബാപ്പ മമ്മത്ക്കാന്റടുത്ത് വാചാലമായി കസർത്തുകയാണ്.....


ഇന്ത്യയിലെ പ്രധാന കോലാട് ജനുസ്സുകൾ എന്നാൽ.......


ജംനാപാരി, ബാർബാറി, ബീറ്റൽ, ഒസ്മാനാബാദി, മലബാരി, ജർക്കാന, സിരോഹി, അട്ടപ്പാടി ബ്ളാക്ക്, കണ്ണെയാട്, സൂർത്തി, വരയാട് എന്നിങ്ങിനെയാണു്......

കൂടാതെ ഇതിൽ ഒരിനം തൈക്കണ്ടിയിൽ

ഉണ്ടെന്നും സൂചിപ്പിച്ചു ..


ഏത് ആടിനെയാണ് മമ്മത്ക്കാക്ക്

വേണ്ടത് എന്നാണു് ബ്രോക്കറുടെ ചോദ്യം....


മമ്മത്ക്ക...

"സമദ് വരട്ടേ....അവന് പിടിക്കുന്ന ഇനം മതി" എന്ന രണ്ടിനും കൊള്ളുന്ന ഉത്തരവും നൽകി..


പക്ഷെ മമ്മത്ക്ക അന്നു തന്നെ... ഒറ്റക്ക് തൈക്കണ്ടിയിൽ പോയി ആടിനെ കണ്ടു... മടങ്ങുമ്പോൾ..... ..

കുഞ്ഞിക്കദീശ തന്റെ മകൻ ബഷീറിന്റെ ചെവിയിൽ മന്ത്രിച്ചു.....


"ആടിനെ മൂപ്പര് ബാങ്ങൂ...ന്ന് തോന്ന്ണില്ല..

നീ പോയി ആടിനെ

കയിച്ച്കെട്ടിയതിന്റെ പതിവ് മാമൂലിങ്ങ് വാങ്ങിക്കോ" എന്ന്....


ബഷീറല്ലേ മോൻ..... കേക്കേണ്ട താമസം..... മമ്മത്ക്കാനോട് ആ മാമൂൽ കൈപ്പറ്റുകയും ചെയ്തു...


മമ്മത്ക്ക തൈക്കണ്ടിയിൽ നിന്ന്

ഇറങ്ങുമ്പോൾ ഒരു ഒളിവെട്ട-

മെന്നോണം തൈക്കണ്ടിയുടെ മൂന്നാമത്തെ ഒരു കിളിന്തു സാധനത്തിനേയും അവിടെ

നോട്ടമിട്ടു.


മൂന്നാം നാൾ (1987-ൽ) ഖത്തറിൽ നിന്നും അത്തറും മണപ്പിച്ചു സുന്ദരക്കുട്ടപ്പൻ സമദ് മണവാളൻ നാട്ടിലെത്തുകയായ്.....


മമ്മത്ക്ക സമദിനോട് പറഞ്ഞു.. ഉമ്മാക്ക് ഞാനൊരു ആടിനെ നോക്കി വെച്ചിട്ടു്ണ്ട്..... നീയൊന്ന് അയിനെ പോയി നോക്കണം....

കൂട്ടത്തിൽ അവിടെ ബായിക്കാനായ ഒരു മൊഞ്ചത്തിയേയും കണ്ടിരുന്നു....

വീട്ടുകാർ അറിയാതെ

അയിനേം ....... നോക്കിക്കോ.....


മമ്മത്ക്കായുടെ തന്ത്രമന്ത്രം:

സമദിന്റെ ബാപ്പ മമ്മത്ക്ക ആട് ബ്രോക്കറോട് പറഞ്ഞു......

"ആ.. . ആടിനെ സമദിനു കാണിച്ചു കൊടുക്കണം.... ഓന് ഇഷ്ടപ്പെട്ടാൽ വാങ്ങാം" . (ഗൾഫിെൽ നിന്ന് വന്ന വകയിൽ ഉമ്മാക്ക് ഒരു ആട് ഓന്റെ വക ഇരിക്കട്ടേ..)


മമ്മത്ക്ക....തൈക്കണ്ടിയോടു

പറഞ്ഞു.. ..


"ചെറിയോൻ

ഇന്നലെ എത്തീട്ടുണ്ട്. ഓനെ ഞാൻ ആ ആടിനെ കാണാൻ നാളെ അങ്ങോട്ട് പറഞ്ഞയക്കുന്നുണ്ട് "


ആടിനെ വാങ്ങാൻ നാളെ വീണ്ടും ആളു വരുന്നു എന്ന ഉഷാറിൽ കുഞ്ഞിക്കദീശയും.....


ആടുകാണലിന് കൂട്ടികൊണ്ടു പോകാൻ....പിറ്റേ ദിവസം ആടു ബ്രോക്കർ ഏർളി മോർണിംഗിൽ തന്നെ വന്നു.....


ബ്രോക്ക..ർ.. ർ... ർ..സ്ഥിരം ജോക്കർ..ർ.ർ

ഡയലോഗുകൾ പറഞ്ഞു തുടങ്ങി.....

സമദിനാണെങ്കിൽ തലക്കുള്ളിൽ

പെണ്ണു കാണലിന്റെ

ടെൻഷനും .....


സമദിന്റെ ആടുകാണൽ താൽപര്യക്കുറവ് ബ്രോക്കർക്കും മനസ്സിലായി.... എന്നാലും കുഞ്ഞിക്കദീശ വാഗ്ദാനം ചെയ്ത

ബ്രോക്കർ കാശ് കിട്ടുമല്ലോ എന്നോർത്ത്

ബ്രോക്കർ ആടുകഥ തുടർന്നു...........

ബ്രോ: ആടിന്റെ ശാസ്ത്രനാമം.... "കാപ്ര എയ്ഗാഗ്രസ് ഹിർകസ് " ( Capra aegagrus Hicrus ) എന്നാണെന്നും.......


ലോകത്ത് 300 ഓളം ഇനം ആടുകൾ ഇന്നുണ്ടു് . ആടുകളുടെ ജനുസ്സുകൾ എന്നാൽ..ജംനാപാരി, ബാർബാറി,...........


സമദ് : " മനസ്സിലായില്ലാ....

ചുരുക്കി പറ.."

സമദിന്റെ തലക്കുള്ളിൽ മുഴുവൻ കാണാൻ പോകുന്ന പെണ്ണാാണു്...

ആടില്ല..


തൈക്കണ്ടിയിൽ എത്തും വരേ വഴിയിൽ ബ്രോക്കർ ആടിൻ്റെ

വിശദീകരണം തുടർന്നു കൊണ്ടേ...... യിരിക്കുന്നുണ്ടെങ്കിലും........


സമദിനോട് ആടിന്റെ കാര്യം തന്നെ മനസ്സിൽ നിന്ന് വിട്ടു പോയിട്ടുണ്ട്..


ബ്രോക്ക്കറുടെ പരിജയപ്പെടുത്തലിലെ

ഓരോ ആടിനേയും താൻ കാണാൻ പോകുന്ന പെണ്ണായിട്ടാണ്.. സമദ്

ഭാവനയിൽ.... കാണുന്നതും.. കേൾക്കുന്നതും....


ബ്രോ... തുടർന്നു....


ആദ്യമായി...ജംമ്നാപ്യാരി .. ഇത് വെള്ളനിറത്തിലാണ്. മാംസത്തിനും

ക്ഷീരോത്പാദനത്തിനും പേരുകേട്ടതാണ്.

85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ......


സമദ്: (തലയാട്ടി...) ഉം...


പിന്നെ ബാർബാറി .... ഈ ഇനം അഴിച്ചുവിട്ടും കെട്ടിയിട്ടും വളർത്തുന്നവയാണു്...


സമദ് : അതേതായാലും വേണ്ട !


ബീറ്റൽ എന്നാൽ... നല്ല ശരീരഭാരം ഉള്ളതിനാൽ മാംസത്തിനു പറ്റുന്നതോടൊപ്പം ..മൂന്നു ലിറ്ററോളം പാലും തരും...... ഒരു പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികളും ഉണ്ടാവും... അങ്ങിനെ ഒന്നിനെ ഞാൻ മുമ്പ് മൊയില്യാർ കണ്ടിയിൽ കൊടുത്തിട്ടുണ്ട് ..... സാമദ് : അതിയോ.....

ഒസ്മാനബാദിക്ക്......ആദ്യ പ്രസവത്തിൽ രണ്ടും...... തുടർന്നുള്ള പ്രസവങ്ങളിൽ അഞ്ചോളം കുട്ടികളും ഉണ്ടാവും... കറുത്ത നിറമാണു് സമദ്: ഊയിന്റുമ്മോ..അതെന്തായാ...ലും വേണ്ട! കറുപ്പ് വേണ്ടുവോളം

എനിക്കുള്ളതുകൊണ്ട്...... അതു വേണ്ടാ....:


ബ്രോക്കർ...:

മലബാറി..... ഈ ജനുസ്സുകൾ തലശ്ശേരി, വടകര, കണ്ണൂർ ആടുകളാണ്.. അറേബ്യൻ, സൂർത്തി, കച്ചി, ജംനാപ്യാരി എന്നീ ആടു ജനുസ്സുകളുടെ സമ്മിശ്രമാണ് മലബാറി... സമദ്: ഉം.. നായിക്കുറുക്കൻ പോലെ അല്ലേ....

ബ്രോക്കർ:: അട്ടപ്പാടി ബ്ളാക്ക്...കറുത്ത നിറമുള്ള ഇവയെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഒറിജിനലാണ്..... സമദ് : കറുപ്പ് വേണ്ടുവോളം എനിക്കുള്ളത് കൊണ്ട്..... അതും കൂടെ വേണ്ട ! പിന്നെ സമദിന്റെ അടുത്ത ചോദ്യം....? " അല്ലാ....ഇതിൽ ഏത് ഇനത്തിൽ പെട്ടതാണ് തൈക്കണ്ടിയിലെ ആട് " ബ്രോ: "മലബാറി" അപ്പോഴേക്കും തൈക്കണ്ടിയിൽ എത്തി കഴിഞ്ഞിരുന്നു.... സമദിനെ കാണിക്കാൻ മലാബാറിയെ ഈ പ്രാവശ്യം അഴിച്ചു കെട്ടിയത് ശാഇദയാണ്....

"മലബാറി" ആടിനെ സമദ് ഒട്ടും നോക്കിയതേ ഇല്ല..... സമദിന്റെ നോട്ടം മുഴുവൻ കയറിന്റെ മറ്റേ അറ്റത്തുള്ളതിനേ മാത്രം..... കൊതിയൂർന്ന് ...ബ്രോക്കറുടെ ചെവിയിൽ സമദിന്റെ പതുക്കെയുള്ള ചോദ്യം .... " മലബാറിയുടെ കഴുത്തിലെ കയറിന്റെ മറ്റേ അറ്റത്തുള്ളത് ഏതു ജനുസ്സിൽ പെടും?" ബ്രോക്കറുടെ മറുപടി... "ജംമ്നാപ്യാരി" തിരിച്ചുള്ള യാത്രയിൽ ബ്രോക്കർക്കും... കുഞ്ഞിക്കദീശാക്കും... ഷോക്കായ ആ മറുപടി സമദിന്റെ നാവിൽ നിന്നും വന്നു...

" മലബാറിയെ എനിക്ക് വേണ്ടാ......" ബ്രോക്കർ തളർന്നു പോയി... ബ്രോക്ക്റേജോ.പോയി.......

അതു പോട്ടേ..... പക്ഷെ കുഞ്ഞിക്കദീശാനോട് ആടിൻ്റെ

കാര്യം ഇനിയെന്തു പറയും.. ഒരു ചെറിയ ഇടവേളക്കു ശേഷം സമദിന്റെ വായ് വീണ്ടും തുറന്നു... ഒരു അഭ്യർത്ഥനയെന്ന പോലെ........ " ആ ജംമ്നാപ്യാരിയെ എനിക്കിഷ്ടമായി"

ബ്രോക്കർക്ക് സമാധാനമായി... ഹാവൂ.......അങ്ങിനെ...... ഒരു കമ്മീഷനെങ്കിലും

ഒത്തു കിട്ടിയല്ലോ.......


പിന്നെ അധിക നാൾ വേണ്ടി വന്നില്ലാ..

നിക്കാഹിൻ്റെ മംഗള സുദിനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായ് ..


കുറഞ്ഞ പകലന്തികൾ....

ആ പച്ചപ്പനങ്കിളിയെ കിനാവ് കണ്ട്......

സമദ് മാരൻ തള്ളി നീക്കി... ഒടുവിൽ ആ നാൾ.....


മാഹറും വെച്ച്.... തൈക്കണ്ടിയുടെ കൈ കൂട്ടി പിടിച്ച്...


" കബിൽത്തൂ... നിക്കാഹ....ഹാ....."

വിറച്ചു ഏറ്റുചൊല്ലി തന്നെ സാക്ഷ്യപ്പെടുത്തി.... ഒരുവിധം

സലാമത്താക്കി..


അതിനുമൊടുവിൽ....

ഇശൽ മാരൻ്റെ കയ്യും പിടിച്ച് തൈക്കണ്ടി കൊള്ളിറങ്ങി

ശാഇദ പോകുന്ന രംഗം കണ്ട...


കുഞ്ഞി കദീശ പാൽ കുടവുമായി

തൻ്റെ ഏട്ടീഎമ്മിൻ്റെ [ATM]

അവിടിൽ തലോടി പറഞ്ഞു.....


"തിടുക്കത്തിനു ചുരക്കാവുന്ന അകിടിൻ്റെ ഉടമ.... മലബാറീ.. നിന്നെ ഞാൻ വിക്കാഞ്ഞത് എത്തിര നന്നായീ..."


Yakoob Rachana Nandi..✍️

854 views0 comments

Recent Posts

See All
Post: Blog2_Post
bottom of page